Saturday, December 19, 2009


പ്രചോദനങ്ങള്‍


വാതിലില്‍ തുടര്‍ച്ചയായുള്ള തട്ടു കേട്ടാണ് ജീവ കുളിമുറിയില്‍ നിന്നിറങ്ങിയത് . മേശപ്പുറത്ത് തല വെച്ച് സീതാലക്ഷ്മി കിടക്കുന്നുണ്ടായിരുന്നു . 'ഇവള്‍ ഉറങ്ങിപ്പോയോ ' എന്നോര്‍ത്ത് ജീവ വാതില്‍ തുറന്നു . പുറത്തു സിസ്റ്റര്‍ അല്‍ഫോന്‍സ്‌ അന്നത്തേക്കുള്ള കമാന്റുമായി എത്തിയിരിക്കുന്നു . ജീവ വാതില്‍ പകുതിയേ തുറന്നുള്ളൂ. സീതയുടെ ആ കിടപ്പ് സിസ്റ്റര്‍ കണ്ടാല്‍ പിന്നെ അവര്‍ പല തലങ്ങളിലേക്കും വ്യാപരിച്ചെന്നിരിക്കും . പ്രത്യേക പ്രാര്‍ത്ഥനക്കെത്തിക്കൊളാമെന്നു ദൈവത്തിന്റെ മണവാട്ടിയോടു ഏത്തമിട്ടു പറഞ്ഞതിനു ശേഷം ജീവ വാതിലടച്ചു.

അവള്‍ മെല്ലെ സീതാലക്ഷ്മിയുടെ പുറത്തു തട്ടി '' സീതേ ,എന്താ നിനക്ക് ?''. സീത മുഖമുയര്‍ത്തി. അവളുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. പതിവ് പോലെ സീത പുഞ്ചിരിക്കാന്‍ ശ്രമിച്ചു . ജീവക്കു കാര്യം പിടി കിട്ടി .അവള്‍ വീണ്ടും എന്തോ എഴുതിയിരിക്കുന്നു .ഇതു പതിവാണ് , കവിതയോ മറ്റോ എഴുതിയതിനു ശേഷം ഒരു കരച്ചില്‍ ,അതും മൗനമായി. ശീലമുള്ളതാണെങ്കിലും എന്തോ ജീവക്കത് കണ്ടുകൊണ്ടിരിക്കാന്‍ തോന്നിയില്ല . അവള്‍ വീണ്ടും കുളിമുറിയിലേക്ക് കയറി .

പ്രാര്‍ത്ഥനക്കെത്താന്‍ വൈകില്ലെന്ന് സിസ്ടറിനോടു സത്യമിട്ടു സീതലക്ഷ്മിയും ജീവയും നടക്കാനിറങ്ങി.
വൈകുന്നേരങ്ങളിലെ ഈ സവാരി അവര്‍ക്കൊരു പോലെ പ്രിയപ്പെട്ടതാണ്. ആദ്യമായി ഭൂമിയിലേക്കെത്തപ്പെട്ടത്‌ പോലെ , എവിടേക്കെന്നില്ലാത്ത ഒരു അലച്ചില്‍ . തിരിച്ചു പോകുമ്പോള്‍ ഒരു നഷ്ടബോധം ഇരുവരുടേയും മനസ്സില്‍ ഉണ്ടാകും. ജീവയ്ക്കത് ഇഷ്ടമല്ല , സീതാലക്ഷ്മി അതിനെ ഇഷ്ടപ്പെടുന്നു. ജീവ ഓര്‍ക്കാറുള്ളതാണ് ,സീത എങ്ങനെ വേദനകളെ സ്നേഹിക്കുന്നുവെന്ന് . ആരെങ്കിലും വന്നു ' നിനക്ക് ഞാന്‍ ദുഃഖങ്ങള്‍ മാത്രം തരും ' എന്ന് പറഞ്ഞാല്‍ സന്തോഷത്തോടെ അവള്‍ മനസ്സ് തുറന്നു കൊടുക്കും .എന്തെങ്കിലും എഴുതിയ ദിവസമാണെങ്കില്‍ പിന്നെ പറയുകയേ വേണ്ട . എഴുതുന്നതിനു മുമ്പ് അവള്‍ , പെയ്തൊഴിയാത്ത കാര്‍മേഘം പോലെയാണെങ്കില്‍ എഴുതിക്കഴിഞ്ഞാല്‍ ഒരു തീരാത്ത ഇടവപ്പതിയാകും.

'' അമ്മാ '' ജീഎവ ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോള്‍ വഴിവക്കില്‍ പതിവായി ഇരിക്കാറുള്ള വൃദ്ധനാണ് .അയാള്‍ സീതയെയാണ് വിളിക്കുന്നത്‌ . അല്ലാ, ഇവള്‍ക്കിതെന്തു പറ്റി?അയാളെ കാണുമ്പോഴൊക്കെ അവള്‍ പൈസ കൊടുക്കാറുള്ളതാണ്. ആ പരിചയത്തിലാണ് അയാള്‍ വിളിക്കുന്നത്‌.പക്ഷേ സീത ഇതൊന്നും അറിഞ്ഞ ഭാവമേയില്ല . ''അമ്മാ '' അയാളുടെ ശബ്ദം ഉറക്കെയായത് പോലെ ജീവക്കു തോന്നി .അല്പം നീരസത്തോടെ ജീവ ഒരു രൂപയെടുത്ത്‌ അയാളുടെ നീട്ടിയ കൈയിലെക്കിട്ടു .പിന്നെ സീതയുടെ അടുത്തെത്താന്‍ മെല്ലെ ഓടി .

ജീവ സീതയോട് ''എന്താ നിനക്ക് പറ്റിയേ?, നീ അയാളെ കണ്ടില്ലേ?'' എന്ന് ചോദിയ്ക്കാന്‍ വിചാരിച്ചതാണ് പക്ഷേ അവളുടെ നിര്‍വ്വികാരമായ മുഖം കണ്ടപ്പോള്‍ അത് മനസ്സില്‍ തന്നെ വെച്ചു .
പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുമ്പോള്‍ ജീവ സീതയെത്തന്നെ ശ്രദ്ധിച്ചു .അവള്‍ കുരിശില്‍ തറയ്ക്കപ്പെട്ട യേശുവിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുകയാണ് അവളുടെ ചുണ്ടുകള്‍ അനങ്ങുന്നുണ്ട് . 'സീതക്ക്‌ സങ്കീര്‍ത്തനങ്ങളൊന്നും അറിയില്ല ,അപ്പോള്‍ പിന്നെ ഇവളെന്താ യേശുവിനോട് സംസാരിക്കുകയാണോ ?' ഒരു ഉള്‍വിളിയിലെന്ന പോലെ സീത പെട്ടെന്ന് ജീവയെ നോക്കി.അവള്‍ മുഖം താഴ്ത്തിക്കളഞ്ഞു .

അടുത്ത ദിവസം ജീവ ഉണരുമ്പോഴേക്കും സീത പോയ്ക്കഴിഞ്ഞിരുന്നു .വൈകുന്നേരം സീത എത്തേണ്ട സമയമായിട്ടും കാണാതെയായപ്പോള്‍ ജീവ പരിഭ്രമിച്ചു സിസ്റ്റര്‍ അല്ഫോന്‍സിനെ അറിയിച്ചപ്പോള്‍ ആദ്യം അവര്‍ തട്ടിക്കയറി.''ലോകത്തുള്ള എല്ലാ പെണ്‍കുട്ടികളും ഇത്തരക്കാരികളാണ് '' എന്ന് മുദ്ര കുത്തി. ഏതു തരക്കാരികള്‍ ,എന്ന് ജീവക്കു ചോദിയ്ക്കാന്‍ വന്നെങ്കിലും സന്ദര്‍ഭം ശരിയല്ലാത്തത് കൊണ്ട് അവള്‍ സിസ്ടെറിനെ മയത്തില്‍ മെരുക്കിയെടുത്തു.കൂട്ടത്തില്‍ അല്പം കരുണയുള്ള സിസ്റ്റര്‍ സലോമിയെയും കൂട്ടി ജീവ, സീതയെ നോക്കി ,നടക്കാറുള്ള സ്ഥലത്തേക്കിറങ്ങി.

വഴിവക്കിലെ വൃദ്ധനെ കടന്നു പോകുമ്പോള്‍ ജീവക്കെന്തോ , ഒരു രൂപം മാറിയതു പോലെ തോന്നി.അവള്‍ തിരിഞ്ഞു നോക്കി.ആ വൃദ്ധനരികില്‍ സീതയുണ്ടായിരുന്നു.അവള്‍ ജീവയ്ക്കു നേരെ കൈ നീട്ടി.ജീവയ്ക്കു സീതയുടെ മുഖം മറ്റാരുടേതു പോലെയോ തോന്നി.അവള്‍ക്കു പ്രാര്‍ത്ഥനാ മുറിയിലെ യേശുവിന്റെ രൂപം ഓര്‍മ്മ വന്നു.ജീവയ്ക്കു തല കറങ്ങുന്നത് പോലെ തോന്നി.അവള്‍ സിസ്ടെറിന്റെ കൈ പിടിക്കാന്‍ നോക്കി.സിസ്റ്റര്‍ അപ്പോള്‍ കുരിശു വരക്കുകയായിരുന്നു.

1 comment:

Anonymous said...

നന്നായിട്ടുണ്ട് .ലക്ഷ്മിക്ക് കവിത മാത്രമല്ല കഥയും വഴങ്ങും എന്ന് മനസിലായി . തുടര്‍ന്നും എഴുതുക .