Tuesday, December 22, 2009

ഉന്മാദം

അടുത്ത ഇരുപത്തിമൂന്നാം തീയതിയിലേക്കാണ് കേസ് വാദം കേള്‍ക്കാനായി മാറ്റി വെച്ചിരിക്കുന്നത് . ഒരുപക്ഷെ അന്നായിരിക്കും നിവേദിതയുടെ വിശ്വാസമാണോ അതോ തന്റെ വിശ്വാസമാണോ ജയിക്കുക എന്നറിയുന്നത്.
'' താനെന്തു പണിയാടോ കാണിച്ചത് ? ഞാന്‍ പറഞ്ഞതല്ലേ ...?...'' ദേഷ്യം വന്നു മൂത്തത് കൊണ്ട് ശേഖരവക്കീലിന്റെ വാക്കുകള്‍ മുറിഞ്ഞു.'' തോന്നുമ്പോള്‍ തോന്നുന്നത് ചെയ്യുക എന്ന രീതി എവിടെ വേണ്ട, ഇതു കോടതിയാ ,ങ്ഹാ ഇനി ഞാന്‍ നാളെ വന്നു കാണാം.''
ശേഖരവക്കീല്‍ വരുന്നു ,ശാസിക്കുന്നു ,പഠിപ്പിക്കുന്നു ,പോകുന്നു, വീണ്ടും വരുന്നു. പക്ഷെ എന്തിനു ? ആദ്യ ദിവസത്തെ വാദം കേള്‍ക്കല്‍ ഓര്‍മ്മ വരികയാണ്.

''സ്വന്തം ഭാര്യയായ നിവേദിതയെ കൊലപ്പെടുത്തിയത് എന്തിനാണ്?''
''ഞാന്‍ നിവേദിതയെ കൊന്നിട്ടില്ല ,പരിശുദ്ധയാക്കിയിട്ടേയുള്ളൂ .'' തന്റെ ആ മറുപടിയുടെ മുമ്പില്‍
ഒബ്ജെക്ഷന്‍ വിളിക്കാന്‍ വായ തുറന്ന ശേഖരവക്കീല്‍ ,തുറന്ന വായുമായിത്തന്നെ നിന്നു.ആദ്യം ഒന്നമ്പരന്ന പ്രതിഭാഗം വക്കീല്‍ വീണ്ടും ചോദിച്ചു ''വിശദീകരിക്കാമോ?''.തന്റെ വിശ്വാസങ്ങള്‍ പറയാന്‍ കിട്ടുന്ന ആദ്യത്തെ വേദിയാണ് .അത് നന്നായി ഉപയോഗിക്കുക എന്നുറച്ചു തന്നെ പറയാന്‍ തുടങ്ങി.

''ഒരാള്‍ ഈ ലോകത്തില്‍ പിറവിയെടുക്കുമ്പോള്‍ ശുദ്ധനായാണ് വരുന്നത്.പക്ഷെ അയാള്‍ മരിക്കുമ്പോള്‍ പരിശുദ്ധനാവുകയാണ്.എന്ന് വച്ചാല്‍ മരിക്കുന്നതിനു മുന്‍പോ ശേഷമോ അല്ലാ ,മരിച്ചുകൊണ്ടിരിക്കുന്ന ,അത് മനസ്സിലാക്കുന്ന ആ നിമിഷങ്ങള്‍ ,ഒരാള്‍ എത്രമാത്രം പരിശുദ്ധനാവുകയാണെന്നു പറഞ്ഞറിയിക്കുവാന്‍ വയ്യ.ചെയ്തതും ചെയ്യാത്തതുമായ എല്ലാ പാപങ്ങളില്‍ നിന്നും മുക്തി നേടി ,പശ്ചാത്താപവും കടന്നു ,സ്നേഹത്തിന്റെ പിടിവലികളില്ലാത്ത പരിശുദ്ധാത്മാവാവുകയാണ് ചെയ്യുന്നത് .ഞാന്‍ ഈ ലോകത്തില്‍ ആകെ സ്നേഹിക്കുന്നത് നിവേദിതയെയാണ് .എന്റെ ഭാര്യയെ ഞാന്‍ സ്നേഹിച്ചു ,വിശ്വസിച്ചു,പരിശുദ്ധയാക്കി ,അതിലെന്തു തെറ്റാണുള്ളത് ?''

ഒട്ടും ബുദ്ധിമുട്ടില്ലാതെ എനിക്ക് മാനസിക രോഗമുണ്ടെന്ന് ശേഖരവക്കീല്‍ കോടതിയെ ബോദ്ധ്യപ്പെടുത്തി .പക്ഷെ ഇന്നത്തെ വാദം കേള്‍ക്കല്‍ ശേഖരവക്കീലിന്റെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു.ഓതി ഓതി പഠിപ്പിച്ചിട്ടാണ് വിട്ടത് ഒന്നും ഒന്നും കൂട്ടിയാല്‍ എത്ര കിട്ടുമെന്ന് ചോദിച്ചാല്‍ രണ്ടു കൈപ്പത്തിയും വിടര്‍ത്തിക്കാട്ടണമെന്ന് . പക്ഷേ ഒന്നാം ക്ലാസ്സില്‍ തന്നെ രണ്ടു വട്ടം ഇരുത്തി കണക്കു പഠിപ്പിച്ച നളിനി ടീച്ചറുടെ ആത്മാര്‍ത്ഥതയെ ഓര്‍ത്തപ്പോള്‍ ,വളരെ വ്യക്തമായി ''രണ്ട് '' എന്നുത്തരം പറഞ്ഞു പോയി.

ആ ദിവസം സമാഗതമായി.കഴിഞ്ഞ വാദത്തില്‍ ജയിച്ചു നില്‍ക്കുന്ന ആത്മവിശ്വാസത്തോടെ പ്രതിഭാഗം വക്കീല്‍ തന്റെ അടുത്ത് വന്നു പറഞ്ഞു. ''ഒരു ഡോക്ടറോടും വക്കീലിനോടും കള്ളം പറയരുത് എന്ന് പറയുന്നത് എന്ത് കൊണ്ടാണെന്നറിയാമോ?''
''അറിയാം''
''എന്ത് കൊണ്ടാണ് ?''
അറിയുന്ന വിധത്തില്‍ ഞാന്‍ പറഞ്ഞു. ''ഡോക്ടര്‍ ജീവന്‍ തരുന്നു, വക്കീല്‍ ജീവിതവും .''
പ്രതീക്ഷിച്ച രീതിയില്‍ കാര്യങ്ങള്‍ പോകുന്നു എന്ന് കണ്ട വക്കീല്‍ കൂടുതല്‍ ഉഷാറോടെ
ചോദിച്ചു ,''എങ്കില്‍ സത്യം പറയൂ ,എങ്ങനെയാണ് നിവേദിതയെ കൊലപ്പെടുത്തിയത്?''
പരിശുദ്ധയാക്കിയത് എന്നതിന് പകരം കൊലപ്പെടുത്തിയത് എന്ന് തെറ്റിച്ചു പറഞ്ഞ വക്കീലിനോട് ദേഷ്യം തോന്നിത്തന്നെ ചോദിച്ചു ,'' ആദ്യം ഇതു പറയൂ ,താന്‍ ഡോക്ടറാണോ വക്കീലാണോ ?''
അതുവരെ തല കുനിച്ചിരുന്ന ശേഖരവക്കീലിന്റെ മുഖത്ത് നൂറ്റിരുപതു വാട്ട് പ്രകാശം ഞാന്‍ കണ്ടു . വായിലെ അപ്പം വയറ്റിലേക്കും കയ്യിലെ അപ്പം കാക്കയും കൊണ്ട് പോയ കുട്ടിയുടെ അവസ്ഥയായിപ്പോയി പ്രതിഭാഗം വക്കീലിന്റെത്‌.

തന്റെ ഭാഗം തകര്‍ത്താടി ശേഖരവക്കീല്‍ എനിക്ക് ജാമ്യം ഒപ്പിച്ചെടുത്തു. രണ്ടാഴ്ച മാനസികാരോഗ്യകേന്ദ്രത്തില്‍ സുഖവാസം. ആ രണ്ടാഴ്ച കഴിഞ്ഞപ്പോളാണ് തനിക്കു ശരിക്കും ഭ്രാന്തുണ്ടോ ,എന്ന് സ്വയം സംശയം തോന്നിയത്. വീണ്ടും ശേഖരവക്കീലിന്റെ പഠനക്കളരിയിലേക്ക് . പഠിച്ചു കുട്ടപ്പനായി കൂട്ടില്‍ കയറി നിന്നു ചോദ്യം മുഴുമിപ്പിക്കുന്നതിനു മുമ്പേ ഉത്തരവും പറഞ്ഞു നൂറില്‍ നൂറും വാങ്ങി പുറത്തിറങ്ങി. ഈ ലോകത്തിനു ഇനിയും ഭാവിയുണ്ട്.

1 comment:

Anonymous said...

നല്ല ഭാവന ഉണ്ട്. തുടര്‍ന്നും എഴുതുക