Friday, December 25, 2009

മൂന്നാമത്തെ കത്ത്

ഞാന്‍ അര്‍ച്ചന
ഒരു കത്തെഴുതാന്‍ വേണ്ടി കഴിഞ്ഞ ഒരു മണിക്കൂറായി ശ്രമിക്കുന്നു.വായനക്കാരനു മുന്‍പിലെ ചോദ്യചിഹ്നം ഞാന്‍ കാണുന്നു.ഒരു കത്ത്, എന്ന് നിസ്സാരമായി പറയാന്‍ കഴിയില്ല. ഇതെന്റെ മൂന്നാമത്തെ കത്താണ് ,ഒരുപക്ഷെ അവസാനത്തേതും. നിങ്ങള്‍ തെറ്റിദ്ധരിച്ചു വായനക്കാരാ. ഇതൊരു ആത്മഹത്യാക്കുറിപ്പല്ല. ഒരു ചെറുപ്പക്കാരന് ഞാന്‍ എഴുതുന്ന മൂന്നാമത്തേതും അവസാനത്തേതുമായ കത്ത്.
ഞാന്‍ ആതിഥ്യ മര്യാദയുള്ളവളാണ് . തീര്‍ച്ചയായും നിങ്ങളെ എന്റെ ഒന്നാമത്തെ കത്തിലേക്ക് ക്ഷണിക്കും.

അനില്‍,

നിനക്ക് സുഖമല്ലെന്നു കരുതുന്നു, കാരണം ഞാന്‍ അടുത്തില്ലല്ലോ. ഇപ്പോള്‍ നിന്റെ മുഖത്തെ ഒരു വശത്തേക്ക് കോടിയുള്ള ആ പകുതി ചിരി എനിക്കൂഹിക്കാം. ഉടനെ തന്നെ നേരില്‍ കാണുമെന്നു പ്രതീക്ഷിക്കുന്നു -

അര്‍ച്ചന .

അനില്‍ മര്യാദക്കാരനാണ് . ഉടനെ കാണാനാവാതതുകൊണ്ട് എനിക്ക് തിരികെ ഒരു കത്തയച്ചു. ക്ഷമിക്കു വായനക്കാരാ, ആ കത്തിലേക്ക് നിങ്ങളെ കൊണ്ടുപോകാന്‍ എനിക്ക് കഴിയില്ല. പക്ഷെ എന്റെ രണ്ടാമത്തെ കത്തിലേക്ക് വരൂ.

ഡിയര്‍ അനില്‍ ,

നമ്മുടെ സുഹൃദ്ബന്ധം എന്നും തുടരാന്‍ കഴിഞ്ഞിരുന്നെങ്കില്‍ , എന്നെനിക്കാഗ്രഹമുണ്ട് . നമ്മള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ നീ അപ്രതീക്ഷിതമായി പറയുന്ന വാചകങ്ങള്‍, എന്റെ മനസ്സില്‍ സ്വര്‍ണ്ണ ലിപികളില്‍ എഴുതപ്പെട്ടു കഴിഞ്ഞു. അടുത്ത കൂടിക്കാഴ്ച്ചക്കായി കാത്തിരിക്കുന്നു.

സ്നേഹത്തോടെ
അര്‍ച്ചന.

അനില്‍ വീണ്ടും മര്യാദക്കാരനായി. അവന്‍ എനിക്കൊരു കാര്‍ഡ് അയച്ചു. ഒരു വെഡിംഗ് കാര്‍ഡ് . അതിനു പുറമേ സ്വര്‍ണ്ണ ലിപികളില്‍ മനോഹരമായി എഴുതിയിരിക്കുന്നു. സ്മിത വേഡ്സ് അനില്‍ .
വായനക്കാരാ , എനിക്ക് വിട തരിക, എന്റെ മൂന്നാമത്തെ കത്തിലേക്ക് ഞാന്‍ മടങ്ങട്ടെ.

അനില്‍,

കാര്‍ഡ് അയച്ചതിന് നന്ദി. മറ്റൊരാളില്‍ നിന്ന് ഞാനിതറിഞ്ഞിരുന്നെങ്കില്‍ വിഷമമായേനെ .നിന്നെ ബോറടിപ്പിക്കുന്ന രീതിയില്‍ ഇനി ഞാന്‍ എഴുതാന്‍ പോവുകയാണ്. ക്ഷമിക്കുക.
നീ എന്നെ മനസ്സിലാക്കിയിട്ടില്ല . നീ എന്താണുദ്ദേശിച്ചിരുന്നതെന്നു ഞാനും. നിന്നെയോര്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ വന്നിരുന്ന കവിതകളിലെല്ലാം സ്നേഹത്തില്‍ മുക്കിയെടുത്ത വാക്കുകളായിരുന്നു. നീ അറിഞ്ഞില്ല, നിന്നെ അറിയിച്ചില്ല. നീ അറിയാന്‍ ശ്രമിച്ചതുമില്ല. നീയും എന്നെ തോല്പിച്ചു. അല്ല ജയിപ്പിക്കുകയാണ് ചെയ്തത്. നിന്നെ കാണാന്‍ വേണ്ടി ഒരുങ്ങിയിറങ്ങുന്ന എന്നെ സംശയ ദൃഷ്ടിയോടെ നോക്കിയിരുന്നവര്‍ക്ക് മുമ്പില്‍ ഞാനിതാ ജയിച്ചിരിക്കുന്നു. " എന്റെ വെറുമൊരു സുഹൃത്ത്‌ മാത്രമാണവന്‍ " എന്ന പൊള്ളയായ വാക്കുകള്‍ക്ക് അര്‍ത്ഥം ലഭിച്ചിരിക്കുന്നു.
ഇനിയും കാണാനിടയായാല്‍ ( ഒരിക്കലും മനപ്പൂര്‍വ്വമാവില്ല ) ഞാന്‍ പറയാതെ പോകുന്ന കാര്യം ഇതാവാം-

ഞാന്‍ നിന്നെ സ്നേഹിച്ചിരുന്നു

ആശംസകളോടെ
-----------------



1 comment:

Anonymous said...

നന്നായിട്ടുണ്ട് ... ഇഷ്ടപ്പെട്ടു ...ഇനിയും എഴുതുക .........